Spiga

ഇന്‍ക്രെഡിബിള്‍ ഇന്ത്യ !

ഞാന്‍ ആദ്യമായി എന്റെ ജന്മദിനം ആഘോഷിച്ചത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ജോലി ചെയ്തിരുന്ന ഇന്ത്യന്‍ കമ്പനിയുടെ വക ഒരു കേക്ക് മുറിക്കല്‍, പിന്നെ ഒരു ഗിഫ്റ്റ് വൌച്ചറും. അതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല, ഒന്നുമില്ലെങ്കിലും പ്രായം കൂടുന്നു എന്ന സത്യം സ്വയം ഒരു തിരിച്ചറിവുണ്ടാക്കുമല്ലോ?

അല്ലെങ്കിലും ഈ ഇംഗ്ലീഷു രാമന്മര്‍ക്കൊരു ചിന്തയുണ്ട്, വെള്ളപ്പാണ്ടു പിടിച്ച പോലത്തെ തൊലിയുള്ളത് കൊണ്ട് അവരാണ് ഈ ഭൂമിയില്‍ ഡോമിനേറ്റ് ചെയ്യുന്നതെന്ന്. നമ്മള്‍ ഇന്ത്യക്കാരെ കണ്ടാല്‍ അവന്മാരുടെ ഉള്ളിലിരുപ്പ് എന്താണെന്ന് ഏതു പട്ടിക്കും അറിയാം. അതിനു വളം വെച്ചു കൊടുക്കുന്ന തരത്തില്‍ നമ്മള്‍ ഭാരത മക്കള്‍ തന്നെ പെരുമാറിയാലോ?

ഇപ്പോഴത്തെ കമ്പനിയിലെ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തെ ജന്മദിനാഘോഷ പരിപാടി. എല്ലാവരും സഹകരിച്ച് (ദിര്‍ഹംസ് തന്നെ) എല്ലാ മാസവും ആശംസകള്‍ അര്‍പ്പിച്ച്, ആഘോഷമാക്കി കൊണ്ടാടുന്ന ഒരു ചെറിയ തീറ്റ സമ്മേളനം. സ്പര്‍ദ്ദയും, പാര വെപ്പും അല്പനേരത്തേക്കെങ്കിലും പുറമെ നടിക്കാതെ, ആ മാസത്തെ ബര്‍ത്ത്ഡേ മാന്യന്മാരെ ഒന്നു വിഷ് ചെയ്യല്‍.

പരിപാടി കഴിയാന്‍ നേരമാണ് അതുണ്ടായത്. യു എ ഇ ദിര്‍ഹത്തില്‍ അഞ്ചക്ക ശമ്പളം വാങ്ങിക്കുന്ന ഒരു ഇന്ത്യന്‍ കഥാപാത്രം അതാ അന്നു വരാത്തവരുടെ ഷെയര്‍ കഥാപാത്രത്തിന്റെ കുടുംബത്തിലെ അംഗങ്ങള്‍ക്ക് വേണ്ടി മാറ്റി വെക്കുന്നു. തരിച്ചിരുന്നു പോയി ഞാന്‍! കഴിച്ചു കൊണ്ടിരുന്നത്, കണ്ഠനാളത്തില്‍ കുടുങ്ങിപ്പോയ അവസ്ഥ. എനിക്ക് പിന്നെ ഒന്നും ഇറങ്ങിയില്ല. കെട്ടിയവനും, കെട്ടിയവളും കൂടെ ഒരു മാസം സമ്പാദിക്കുന്നത് മൂന്നു ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ! ഒപ്പം വേറെ കുറെ സൌജന്യങ്ങളും! എന്നിട്ടും ഈ അലച്ച മാറുന്നില്ലല്ലോ!

ഇതേ കഥാപത്രം കമ്പനി ടി-ഷര്‍ട്ട് സപ്ലൈ ചെയ്യുമ്പോള്‍ കിടന്ന് മരണ വെപ്പ്രാലം കാട്ടിയതും അന്നേരം ഞാനോര്‍ത്തു. ഒന്നിനു പകരം രണ്ടെണ്ണം അടിച്ചു മാറ്റി അന്ന് ഈ അവതാരം നാണം കെടുത്തി. എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാവൂല ഈ നാറികള്‍ക്ക്?

തൊട്ടപ്പുറത്ത് അതാ വേറൊവതാരം, വിശപ്പില്ലാത്ത കാരണം സ്വന്തം ഷെയര്‍ മാറ്റി വെച്ചിരിക്കുന്നു. പത്ത് ദിര്‍ഹം മുടക്കിയത് മുതലാക്കാതെ എന്തോന്ന് ജീവിതം അല്ലേ?

നാണക്കേട് കൊണ്ട് സംഗതി പെട്ടെന്നവസാനിപ്പിച്ച് ഞാന്‍ സീറ്റില്‍ വന്നിരുന്നു.

കമ്പനിയുടെ മറ്റൊരു ഡിവിഷനില്‍ നടന്ന സംഭവം ഇതിലേറെ ലജ്ജാകരം. അവിടെ കമ്പനിയിലെ സ്റ്റാപ് ലര്‍ അടിച്ചു മാറ്റിയാണ് ഒരുത്തന്‍ മാതൃക കാട്ടിയത്. വെള്ളക്കാരന്‍ മാനേജര്‍ ‘ആ ദേഹത്തെ‘ കയ്യോടെ പിടികൂടിയത് അതിന്റെ ക്ലൈമാക്സ്.

വൃത്തിയും, വെടിപ്പും, ആളുകളോട് പെരുമാറുന്ന രീതിയും എന്നു വേണ്ട ‘ഐ ആം ദി ബെസ്റ്റ്’ എന്നു കൂടെക്കൂടെ പാടി നടക്കുന്ന എന്റെ ഒരു അകന്ന ബന്ധുവിന്റെ കൂടെ അങ്ങേരുടെ ഓഫീസില്‍ പോയി തിരിച്ചു വരുന്നേരം, ‘ഭാര്യ സ്റ്റാപ് ലര്‍ കൊടുത്തയക്കാന്‍ പറഞ്ഞിട്ടുണ്ട്‘ എന്നും പറഞ്ഞ് അവിടെയുണ്ടായിരുന്ന സ്റ്റാപ് ലര്‍ എടുത്ത് പോക്കറ്റില്‍ നിക്ഷേപിച്ചത് ഞാന്‍ ഞെട്ടലോടെയാണ് കണ്ടത്.

എത്ര കിട്ടിയാലും മതിയാവാത്തവരാണോ നമ്മള്‍ ഇന്ത്യക്കാര്‍, അല്ലെങ്കില്‍ ഇതൊരു മാനസിക പ്രശ്നമോ? ജോലി ചെയ്യുന്ന കമ്പനിയെ പല തരത്തിലും ചൂഷണം ചെയ്യുക എന്നുള്ളത് നമ്മള്‍ ഇന്ത്യക്കാരുടെ ഹോബിയായി മാറിയിരിക്കുന്നു. ടാക്സി ചാര്‍ജ്ജും, ഓവര്‍ടൈം ഭക്ഷണവും, ലോക്കല്‍ എന്ന് പറഞ്ഞുള്ള ലോക്കലല്ലാത്ത കോളുകളും ചെയ്താലേ നമുക്കൊരു ആത്മസംതൃപ്തി വരൂ.എന്നാലല്ലേ ‘incredible India' എന്നു പറയുന്നത് സത്യമാവൂ!